അർധചാലക യന്ത്രകാരകന്റെ ചിന്താമണ്ഡലം!
താഴോട്ട് സ്ക്രോളിയാലും!
അറിവ് നേടേണ്ടവർ അറിയാൻ.
ഈ അടുത്തകാലത്തു ഞാൻ സന്ദർഭവശാൽ യൂടൂബിൽ കണ്ടുമുട്ടിയ ഒരു ചാനൽ പരിചയപ്പെടുത്താൻ ആണ് ഈ പോസ്റ്റ്. അതിലെ വീഡിയോസ് കണ്ടപ്പോൾ, എൻജിനിയറിങ് പഠനകാലത്തെ ചില രസമുള്ള കഥകളും ഓര്മ വന്നു. അന്നൊക്കെ ഇങ്ങനെ ആരെങ്കിലും ഇതൊക്കെ ഇങ്ങനെ ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ, എന്ന് തോന്നിപ്പോവുന്ന വീഡിയോകൾ. ഒരു കാര്യം സാധാരണക്കാരനായ ഒരാൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറയാൻ നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ, അത് നിങ്ങൾ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നാണത്രെ ഒരിക്കൽ ഐൻസ്റ്റൈൻ പറഞ്ഞിട്ടുള്ളത്. പക്ഷെ, എപ്പോഴാണ് ഒരു കാര്യം ആർക്കായാലും അങ്ങനെ മനസ്സിലാവുന്നത്? ചിലരുടെ അഭിപ്രായത്തിൽ അത് പരീക്ഷ ജയിക്കുമ്പോൾ ആവാം. എപ്പോ ചോദിച്ചാലും ഉത്തരം പറയാൻ കഴിഞ്ഞാൽ ആവണം. അങ്ങനെ ഒക്കെ ഒരുപാട് അഭിപ്രായങ്ങൾ പടിച്ചു വളരുമ്പോൾ നമ്മൾ കേട്ടിട്ടുണ്ടാവാം... പക്ഷെ ഒരാശയത്തെ അത് ആദ്യമായി കാണുന്ന ആൾക്ക് അനായാസം മനസ്സിലാക്കിക്കൊടുക്കുക എന്നതൊരു പ്രത്യേക കഴിവുതന്നെയാണ്. പകരം പലപ്പോഴും കോളേജുകളിൽ ആശയത്തിന്റെ വികലമായ പതിപ്പുകൾ ആണ് പകർന്നു നൽകപ്പെടുന്നത്. എത്ര വലിയ റാങ്ക് വാങ്ങി പാസ് ആവുന്ന ആൾക്കും പക്ഷെ ഇതിനു കഴിയണമെന്നില്ല. അങ്ങനെ അനുഗ്രഹീതരായ അധ്യാപകർ വിരലിൽ എണ്ണാവുന്നവരെ മാത്രമേ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളു താനും. ഇവരിൽ പലരും കഠിനമായ ആശയങ്ങൾ മനസിലാക്കിത്തരാൻ സാധാരണജീവിതത്തിൽ നിന്നെടുത്ത ഉദാഹരണങ്ങളോ ആശയം പ്രവർത്തിയിൽ ഉപയോഗിക്കപ്പെടുന്ന സന്ദര്ഭങ്ങളോ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ആശയത്തിന്റെ അന്തസത്ത വികലമാക്കപ്പെടുന്നുമില്ല. ഇലക്ട്രോണിക്സ് തേർഡ് സെമിൽ ഒരു പേപ്പർ ഉണ്ട്. സോളിഡ് സ്റ്റേറ്റ് ഡിവൈസസ് എന്നാണ് പേര്. ചുരുക്കി സ്നേഹത്തോടെ എസ്.എസ്.ഡി. എന്ന് വിളിക്കും (പി.എസ് : അന്നൊക്കെ മിക്ക കംപ്യൂട്ടറിലും ഹാർഡ് ഡിസ്ക് മാത്രം ആരുന്നു കേട്ടോ ) ഇന്നത്തെ രീതിയിലുള്ള മോണോലിത്തിക് ഇലക്ട്രോണിക്സ് അഥവാ ഇലക്ട്രോണിക് ചിപ്പുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഫിസിക്സ് ആണ് ഈ വിഷയം. അതിന്റെ ഒരു പ്രധാന പ്രശ്നം, പദാർത്ഥങ്ങളുടെ ഏറ്റവും ചെറിയ യൂണിറ്റായ അണുവിന്റെ ഒരു ഭാഗം മാത്രമായ ഇലക്ട്രോണിനെ സംബന്ധിക്കുന്ന ഫിസിക്സ് കൂടുതലും ക്വാണ്ടം ഫിസിക്സ് ആണ്. അത് പഠിപ്പിക്കുക പോയിട്ട് പറഞ്ഞു മനസ്സിലാക്കുക പോലും ആത്മാർത്ഥമായി പറഞ്ഞാൽ നല്ല ബുദ്ധിമുട്ടാണ് താനും. അങ്ങനെ ഫസ്റ്റ് ഇയറിൽ പൊതുവെ ഉള്ള എല്ലാ എഞ്ചിനിയറിങ്ങിന്റെയും ബാലപാഠങ്ങൾ പഠിച്ചിട്ട് നമ്മുടെ സ്വന്തം ബ്രാഞ്ച് ആയ ഇലക്ട്രോണിക്സ് പഠിക്കാൻ മുട്ടി നിൽക്കുന്ന നൂറ്റിരുപതു ജിജ്ഞാസുക്കൾക്ക് മുന്നിലേക്ക് വന്നത് പക്ഷെ, കേവലം ഒന്ന് രണ്ടു കൊല്ലം മുൻപ് എൻജിനിയർ ആയ ഒരു പാവം ടീച്ചർ ആയിരുന്നു. അവർക്കാവുന്നപോലെയൊക്കെ എസ്.എസ്.ഡി. പഠിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സ്പൂണിൽ കോരിത്തന്നു പഠിച്ചിരുന്ന ഞങ്ങൾക്കെല്ലാർക്കും കഥകളി കാണുന്ന പോലെ ആണ് നിർഭാഗ്യവശാൽ അനുഭവപ്പെട്ടത്. ഒരുമാതിരിപ്പെട്ട ആർക്കും അതിൽ വലിയ പരാതി ഒന്നുമില്ലാരുന്നെങ്കിലും ഒരുപറ്റം പെൺപഠിപ്പികൾ ടീച്ചറേ നേരിടാൻ തന്നെ തീരുമാനിച്ചു. അങ്ങനെ വലിയ പരാതിയായി, പരാതി കത്ത് മുഖാന്തിരം ക്ലാസ് ട്യൂട്ടർക്കു സമർപ്പിക്കപ്പെട്ടു .അത് ടീച്ചർ അറിഞ്ഞു. നിങ്ങളെ മനസ്സിലാക്കിപ്പിക്കാൻ ഇനി ഞാൻ എന്ത് ചെയ്യണം എന്നെനിക്കറിയില്ല മക്കളെ എന്ന് പറഞ്ഞു ക്ലാസ്സിനുമുന്നിൽ പാവം പൊട്ടിക്കരഞ്ഞു, ആകെ ശോകമായി. പിന്നീട് പലപ്പോഴായി,പഠിച്ചതു പലതും ജീവിതത്തിൽ പലപ്പോഴായി പലയിടത്തായി കണ്ടുമുട്ടി. അന്ന് നമ്മൾ ഇത്നിനാണോ അന്നങ്ങനെ പറഞ്ഞതെന്ന് ഓർക്കും. കൂടുതൽ പറഞ്ഞു കുളമാക്കാതെ കാര്യത്തിലേക്കു വരാം. പ്ലസ് ടു വില തുടങ്ങി ഏതൊരു എൻജിനീയറും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പഠിക്കേണ്ടി വരുന്ന കണക്കിലെ പൊതുവെ അറിയപ്പെടുന്ന വില്ലന്മാരായ കാൽകുലസ്, വെക്റ്റർ ആൾജിബ്ര , മാട്രിക്സ് , തുടങ്ങിയ ശാഖകളില് ആശയങ്ങൾ മനസ്സിൽ ആവിഷ്കരിക്കാൻ ഏറെ സഹായിക്കുന്ന അനവധി വീഡിയോസ് ഈ ചാനലിൽ ഉണ്ട്. അത് മാത്രമല്ല, നമ്മളിൽ പലരും മറുത്തൊന്നും ചോദിക്കാതെ കാണാതെ പഠിച്ച പല ആശയങ്ങളും, സമവാക്യങ്ങളും ഒക്കെ എന്തുകൊണ്ട് അങ്ങനെയാണ് എന്ന് അനായാസേന പറഞ്ഞു തരുന്ന ഒട്ടേറെ വിഡിയോകളുടെയും, അടുത്തകാലത്തെ ചൂട് ടോപ്പിക്കുകളായ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, മെഷീൻ ലേർണിംഗ് തുടങ്ങിയ ശാഖകളുടെ ബേസിക്സ് ഒക്കെയും വളരെ സരളമായി കൈകാര്യഎം ചെയ്യുന്ന ഒരു ചാനൽ ആണ് താഴെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ പരിചയത്തിൽ എഞ്ചിനിയറാവാൻ അല്ലെങ്കിൽ മാത്സ്, ഫിസിക്സ് വിഷയങ്ങളിൽ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അതെ പോലെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന മൂത്ത എഞ്ചിനീയര്മാര്ക്കും എല്ലാര്ക്കും വളരെ ഉപകാരപ്പെടും അപ്പൊ ഇത് കണ്ടു നോക്കുക. ഇഷ്ടപ്പെട്ടാൽ അറിയിക്കുക. നിങ്ങൾക്ക് ഇതുപോലെ ഉള്ള വീഡിയോസ്, അല്ലെങ്കിൽ അറിവിന്റെ സ്രോതസ്സുകൾ ഉണ്ടെങ്കിൽ പങ്കുവെക്കുക. ശുഭദിനം. https://www.youtube.com/channel/UCYO_jab_esuFRV4b17AJtAw/community
https://www.youtube.com/channel/UCYO_jab_esuFRV4b17AJtAw/featured
അപ്രതീക്ഷിതമായാണ് പഴയ സ്കൂളിൽ വളരെ ജൂനിയർ ആയിരുന്ന ഒരു കുട്ടി എൻജിനിയറിങ് കഴിഞ്ഞു എന്ത് ചെയ്യാം, ക്യാമ്പസ് പ്ലേസ്മെന്റ് പെട്ടെന്നാകാൻ എന്ത് വഴി ഇന്റർവ്യൂ നേരിടാൻ എന്ത് പുസ്തകം നോക്കണം തുടങ്ങിയ സ്ഥിരം ചോദ്യാവലിയുമായി അടുത്തിടെ ഫേസ്ബുക്കിൽ പരിചയം പുതുക്കിയെത്തിയത്.
എൻജിനിയറിങ് കഴിഞ്ഞ സമയം വളരെ ആൾകാർ ഇത്തരം സംശയങ്ങൾ ചോദിച്ചെത്തുമായിരുന്നു. ഏറെയും കോളേജിലെ അല്ലെങ്കിൽ സ്കൂൾ കാലത്തെ ജൂനിയേർസ് ആയിരുന്നു. അന്നൊക്കെ നമ്മൾ നമ്മളോട് തന്നെ ഇനി എന്ത് എന്ന് ചോദിച്ചു വണ്ടർ അടിച്ചിരിക്കുകയായിരുന്നെകിലും ഭൂമിമലയാളത്തിൽ എന്തിനെ പറ്റിയും എക്ഷ്പെര്ട് അഭിപ്രായം നൽകുന്നതിൽ നമ്മളെ കഴിഞ്ഞിട്ടേ ആരും ഒള്ളാരുന്ന ഒരു കാലമായിരുന്നതിനാൽ ആരെയും വെറും കയ്യോടെ പറഞ്ഞയക്കാരുണ്ടായിരുന്നില്ല. കൊല്ലങ്ങൾ കുറേയെ കഴിഞ്ഞു പോയതുകൊണ്ട് ഇനി ചില സത്യങ്ങൾ തുറന്നു പറയുന്നതിൽ ഒട്ടും കുറച്ചിൽ വിചാരിക്കണ്ട കാര്യമില്ലെന്നു കരുതുന്നു. പ്ലസ് ടൂ വിൽ സ്ഥലത്തെ പ്രധാന പഠിപ്പിയായി കോളേജിൽ എത്തി, നാല് വർഷത്തെ അഭ്യാസങ്ങൾ കൊണ്ട് കാതുകൾക്ക് കുളിര്മയേകുന്ന പല ഓമനപ്പേരുകളും ഏറ്റു വാങ്ങി നേരത്തെ പറഞ്ഞതുപോലെ, ഇനി എന്തെടുക്കും എന്നോർത്തു നിൽക്കുന്ന ആ ഒരു കാലം - അത് എല്ലാ എഞ്ചിനീയരുടെയും ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാലമാണ്. കോളേജ് ജീവിതത്തിനു ഒരു അവസാനമുണ്ടെന്ന സത്യം, വീട്ടുകാരുടെ ക്ഷമക്കും വാത്സല്യത്തിനും പരിധികൾ ഉണ്ടെന്ന സത്യം, നാട്ടുകാർക്കും അയൽക്കാരുടെയും മറ്റു അഭ്യുദയകാംക്ഷികളുടെയും ജിജ്ഞാസക്ക് അതിരുകളും നാണവും മാനവുമില്ലെന്ന സത്യം ഇതെല്ലാം നമ്മെ തുറിച്ചു നോക്കി തൊട്ടടുത്തെത്തുന്ന കാലം. ആ കാലത്താണ് എന്റെ കോളേജിലും ഒരു സംഭവമായി പ്ലേസ്മെന്റ് എന്നും പറഞ്ഞ കമ്പനികൾ വരാൻ തുടങ്ങിയത്. അസാമാന്യ നേട്ടങ്ങൾ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത ഒരു വിദ്യാർത്ഥി മാത്രമായിരുന്നു - അറുപത്തിയേഴ് ശതമാനം അഗ്രഗേറ്റ് മാർക് എന്നത് ഏതു കാലത്തേ മാനദണ്ഡങ്ങൾ വച്ചും ശരാശരിയിൽ താഴെ മാത്രമാണ്. പ്ലേസ്മെന്റ് പ്രാമാണിച്ചു കോളേജ് സംഘടിപ്പിച്ച ഏകദിന ആപ്റ്റിട്യൂട് പരിശീലനവും കുറേയെ ഭാഗ്യവും കാരണം ആദ്യത്തെ കടമ്പ കടന്നുകിട്ടി. ഇന്റർവ്യൂ എങ്ങനെ നേരിടാം എന്ന് ചിന്തിക്കുന്നതിനു മുൻപേ കോളേജ് വക ഇടയ്ക്കിടെ തക്കസമയത് ഉണ്ടാവാറുള്ളപോലെ അനുഗ്രഹം വന്നെത്തി - ഇന്റർവ്യൂന് പോവുന്നെങ്കിൽ നീയൊക്കെ കോളേജ് യൂണിഫിർമിൽ പോയാൽ മതി എന്ന്. ഇതിൽ എന്താണിത്ര വിഷമിക്കാൻ ഉള്ളതെന്ന് ചോദിക്കുന്നവർക്കറിയില്ലല്ലോ യൂണിഫോം തുന്നാൻ തന്ന കാശിനു പുട്ടടിച്ചു നാല് വര്ഷം രണ്ടു ജോഡി യൂനിഫോം കൊണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കുന്ന ശരാശരി എൻജിനീയറിങ് വിദ്യാർത്ഥികളുടെ ഗദ്ഗദം. സെക്കന്റ് ഇയർ സേഷണലിനെഴുതിയ ബിറ്റ് കോളറിനടിയിലായിരുന്നെങ്കിലും, രണ്ടു രൂപേടെ പേന ചൂടടിച്ചപ്പോ ചാടിയ മഷിക്കറ നെഞ്ഞത്തു തന്നെയുണ്ടായിരുന്നു. ഒരു വിധത്തിൽ മനുഷ്യരൂപം ധരിച്ചു രണ്ടും കൽപ്പിച്ചാണ് ഇന്റർവ്യൂവിനു പുറപ്പെട്ടത് തന്നെ. ശരാശരി എൻജിനിയറിങ് വിദ്യാർത്ഥികളുടെ ശരാശരി സ്വപ്നങ്ങളിലെ ആഗോള ഐ ടി ഭീമനാണ് കമ്പനി എന്നതിനാലും, ഒട്ടും പ്രതീക്ഷിക്കാത്ത വൈൽഡ് കാർഡ് എൻട്രി ആയതിനാലും സ്വയം അമിത പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. ഇത് ജീവിതത്തിലെ ആദ്യത്തെ ഇന്റെർവ്യുവല്ലേ, ഇത് പോയാൽ അടുത്തതിനു നോക്കാം എന്നും ആയിരുന്നു മനസിൽ. ഒട്ടും തന്നെ ടെൻഷനോ പ്രതീക്ഷകളോ ഇല്ലാതെ കോട്ടും സൂട്ടും ധരിച്ചു കുട്ടപ്പനായിരുന്ന ഇന്റർവ്വ്ര്ക്കു മുൻപിലേക്ക് കടന്നു ചെന്നു . ഔപചാരികമായ പരിചയപെടുത്തലിനു ശേഷം റെസ്യുമെ പഠനത്തിലേക്ക് ഇന്റർവ്യൂ നീങ്ങി. ഇലക്ട്രോണിക്സ് ആണ് മെയിൻ എന്ന് കണ്ടു ചില ഇലക്ട്രോണിക് സംബന്ധ ചോദ്യനാൾ ചോദിച്ച തുടങ്ങി. ആശാനും ഇ.സി. ആരുന്നെന്നു തോന്നുന്നു. റെസ്യൂമെയിൽ തുടക്കത്തിൽ തന്നെ വെണ്ടയ്ക്ക നിരത്തിയിരുന്ന കണക്കുകളിൽ നിന്നും അഗ്രഗേറ്റ് തീരെ പോരല്ലോ കുട്ടാ... എന്ന കാത്തിരുന്ന ചോദ്യം വന്നെത്തി. ഹം... വിധി ഉണ്ടെങ്കിൽ വീണ്ടും കാണാം മോനെ എന്ന് പറഞ്ഞു ഇന്റർവ്യൂ ഇപ്പൊ അവസാനിക്കും എന്ന് മനസ്സ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അതിനാൽ കുറച്ചു ഫ്രാങ്കാകാം എന്ന് കരുതി. അഗ്രഗേറ്റ് ഒക്കെ തമാശയല്ലേ സാർ , ഈ നാല് കൊല്ലം നേടിയ മാർക്കിനെക്കാൾ ഈ കോളേജിൽ നിന്നും സഹപാഠികളിൽ നിന്നും നേടിയ അനുഭവങ്ങളാനെന്റെ മനസ്സിൽ ഇതിനേക്കാൾ വലിയ മാർക്കെന്നു തുറന്നു പറഞ്ഞു. ചെറിയൊരു പൊട്ടിച്ചിരിയോടുകൂടി ഇന്റർവ്യൂറുടെ മുഖം വിടർന്നതു ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു. പിന്നെ നാല് കൊല്ലത്തിനിടെ ഉണ്ടായ നിരവധി അനവധി സംഘര്ഷങ്ങളും, യാത്രകളും, പ്രതീക്ഷിക്കാതെ ഉണ്ടായ തിരിച്ചടികൾ, പ്രണയം, നൈരാശ്യത്തിനിടയിലെ എക്സാം, കടുംവെട്ടു ലെക്ച്ചറർ മാരും മാനേജ്മെന്റും ആയുള്ള മല്പിടുത്തങ്ങൾ, അവസാന വര്ഷം കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്തായതും, വീട്ടിൽ പറയാതെ പുറത്തു നിന്ന് പഠിച്ചതും സൈഡ് ആയി ടെക്സ്റ്റ് ബുക്ക് വിറ്റു പോക്കറ്റ് മണി ഉണ്ടാക്കിയതും സ്വന്തമായി അഞ്ചാറു കൈ മറിഞ്ഞതെങ്കിലും ഒരു ബൈക്ക് വാങ്ങിയതും തുടങ്ങി അവസാന വര്ഷം എല്ലാരുടെയും പ്രതിഷേധത്തിന്റെ അടയാളമായി ചെയർമാനായതും കോളേജ് ഡേയിൽ മാനേജ്മന്റ് കാണിച്ച കന്നംതിരിവിൽ പ്രതിഷേധിച്ചു കോളേജ് ഡേ ബഹിഷ്കരിച്ചതും ചുരുക്കി പറഞ്ഞാൽ ഇൻട്രൊഡക്ഷൻ ടു റിയൽ ലൈഫ് എന്ന പേപ്പറിൽ നമ്മൾ ഡിസ്റ്റിംക്ഷനാണെന്നു പറഞ്ഞു വന്ന വഴി സമയം പോയതറിഞ്ഞതേയില്ല. ഇടയ്ക്കിടെ ഇന്റർവ്യൂവറും സ്വന്തം കോളേജ് ജീവിതത്തിലെ ശകലങ്ങൾ അയവിറക്കി, തികച്ചും സൗഹൃദപരമായ ഒരു സംഭാഷണം - ഇംഗ്ലീഷിൽ ആണെന്നതൊഴിച്ചാൽ ഏറെക്കാലം കഴിഞ്ഞു കാണുന്ന ഒരു സുഹൃത്തിനോട് വിശേഷങ്ങൾ പറയുന്ന ലാഘവം - ഇതെല്ലാം ആയി ആ ഇന്റർവ്യൂ മാറി. അങ്ങനെ വെറുതെ ഒരു ചോദ്യം അങ്ങോട്ടുമിട്ടു. നിങ്ങൾ ശെരിക്കും എന്താണ് ചെയ്യുന്നത് - ഉത്തരത്തിനു കാത്തു നിൽക്കാതെ കോഡിങ് നമുക്കെന്നും കൗതുകമായിരുന്നെനും പറഞ്ഞു ആ സംഭാഷണം പണ്ട് പ്ലസ് വൺ കാലത് ബയോളജിക്ക് പകരം സി ++ എടുത്തതും മാഷിന്റെ തല്ലു കൊണ്ടും കാണാപ്പാഠം പഠിച്ചും ഒടുവിൽ സൈക്കിൾ ചവിട്ടുന്ന പോലെ കോഡിങ് പഠിച്ചെടുത്ത കഥയിലേക്ക് നീങ്ങി / നീക്കി . അപ്പോഴാണ് തേർഡ് സെമിലെ സി പേപ്പറിൽ ഉള്ള സാമാന്യം നല്ല മാർക്കും ഇലക്ട്രോണിക്സ് ആണെങ്കിലും കുറെയേറെ കസ്റ്റമ് കോഡ് എഴുതിയ മെയിൻ പ്രോജെക്ട ഒക്കെ അതിയാൻ ശ്രെദ്ധിക്കുന്നത്. ശേഷം ഐ.ടി എന്നാൽ സുമ്മാവല്ല, യമേരിക്ക ജപ്പാൻ മുതൽ കുന്നംകുളം വഴി എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു കിടക്കുന്ന ഔട്സോഴ്സിങ് സാമ്രാജ്യം ആണ് , അവരുടെ ബിസിനെസ്സ് മോഡൽ , തുടങ്ങി ഒരു ചെറിയ ഒരു വിവരണം തിരികെയും കിട്ടി. എല്ലാം തലയാട്ടി കേട്ട് നിരാശയും പ്രതീക്ഷയും സമം ചേർത്ത് അവസാന ഡയലോഗ് തിരിച്ചും - ചുരുക്കത്തിൽ - ഞാനൊക്കെ അവിടെ വന്നിരുന്നേൽ ഞെരിച്ചേനെ, എന്ത് ചെയ്യാം നിങ്ങൾക്ക്ക് അഗ്രഗേറ്റ് കൂടിയ പടിപ്പികളെ മതിയല്ലോ... അങ്ങനെ ദർബാർ രാഗത്തിലെ അലക്കു കേട്ട് ഉസ്താദ് ചേർത്തങ്ങട് പിടിച്ചില്ലെങ്കിലും പ്രതീക്ഷക്ക് വക നൽകുന്ന വിധത്തിൽ അതിയാൻ ആ വിഷമം തിരുത്തി - "നോ നോ... ഐ തിങ്ക് യു ഹാവ് എ വെൽ റൗണ്ടഡ് പ്രൊഫൈല് " ശേഷം സുലാൻ പറഞ്ഞു വീട്ടിൽ പോയി, പുറകെ ഓഫർ ലെറ്ററും വന്നു. പിന്നീട് പലവഴി ചുറ്റി തിരിഞ്ഞു ഇന്റർവ്യൂകൾ എത്രയെത്ര .... പക്ഷെ അന്ന് ആദ്യത്തെ ഇന്റർവ്യൂവിൽ ഒരു പാഠം പഠിച്ചെങ്കിൽ അത് അതിനു മുൻപ് വരെ മനസ്സിൽ ഇന്റർവ്യൂ എന്ന സംഭവത്തെ പറ്റി ഉണ്ടായിരുന്ന സങ്കല്പങ്ങളെ തച്ചുടക്കുന്ന ഒന്നായിരുന്നു. ഇന്റർവ്യൂ എന്നാൽ വൈവ ഹാളിൽ പ്രൊഫസ്സർ കാണാതെ പടിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്കു ശർദ്ദിക്കുന്ന കാണാതെ പടിച്ചു വച്ച ഉത്തരങ്ങളുടെ കൂമ്പാരമല്ല , മറിച്ചു അതൊരു കഥ പറച്ചിലാണ്. ഇന്റെർവ്യുവരുടെ ആത്മാവിനെ തൊട്ടറിഞ്ഞു അയാൾ തേടുന്നതെന്റിനെ ആണെന്ന് കണ്ടെത്തി, നിങ്ങളിൽ അതിന്റെ മുഴുവനും ഇല്ലെങ്കിലും, അത് നിങ്ങൾ എങ്ങനെ സൃഷ്ടിക്കുമായിരുന്നു എന്ന് പറഞ്ഞു മനസ്സിലാക്കുക ആണ് ചുരുക്കത്തിൽ ഒരിന്റർവ്യുവിൽ നിങ്ങൾ മിനിമം കൈവരിക്കേണ്ട കർത്തവ്യം. നിങ്ങളുടെ മാർക്കും സാമൂഹ്യസേവനവും ആ ഇന്റർവ്യൂ റൂമിന്റെ കതകു തുറന്നു ചെല്ലുന്നിട വരെ മാത്രം ഉപയോഗപ്പെടും. നിങ്ങളെ ഇന്റർവ്യൂവിനു ക്ഷണിച്ചതിൽ നിന്ന് തന്നെ, നിങ്ങളിൽ അയാൾ എന്തോ തേടുന്നുണ്ടെന്നു മനസ്സിലാക്കാമല്ലോ അതെന്തെന്നു കണ്ടെത്തുക. സംഭാഷണചാതുര്യം, കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ്, സാഹചര്യത്തിനൊത്തുള്ള നർമം, തക്കസമയത് എടുത്തുകാണിക്കണ്ട സ്വന്തം കഴിവുകളും നേട്ടങ്ങളിലേക്കും ഇന്റർവ്യൂവരെ കൈപിടിച്ച് നടത്താനുള്ള സ്ക്രിപ്റ്റിംഗ് സ്കിൽ, ഇതൊക്കെ ആണ് ഇന്റർവ്യൂവിൽ തിളങ്ങാൻ ഒരാൾക്ക് കൂടുതൽ ആവശ്യം. സാഹചര്യവശാൽ ഒരിന്റർവ്യുവിൽ പ്രത്യേകിച്ചു തയ്യാറെടുപ്പു കൂടാതെ ഇത് സാധിച്ചേക്കാം.പക്ഷെ മിക്കപ്പോഴും, നിങ്ങൾ നേടാൻ ശ്രമിക്കുന്ന ജോലി, കമ്പനി, അവരുടെ ബിസിനെസ്സ് തുടങ്ങിയവ ആഴത്തിൽ പഠിച്ച വിശദമായ ഒരു സ്ക്രിപ്ട് തയാറാക്കുക ആണ് ഏറ്റവും മികച്ച അപ്പ്രോച്ച്. അത് വഴി, നിങ്ങളുടെ റെസ്യൂമെയിൽ എന്തെല്ലാം വിവരങ്ങൾ എന്ത് ക്രമത്തിൽ ആണ് നൽകേണ്ടതെന്നും തീരുമാനിക്കാം. മിക്കപ്പോഴും ഇന്റർവ്യൂവേഴ് റെസ്യുമെ വായിച് അതിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയേക്കാം. പക്ഷെ ഇന്റർവ്യൂവിന്റെ കടിഞ്ഞാൺ നിങ്ങൾ ഏറ്റെടുക്കുന്നതെത്രയും പെട്ടെന്നാവുന്നു അത്രയും നല്ലത്. അതിനു ശേഷം ഉണ്ടാവുന്ന ചോദ്യങ്ങൾ, സംഭാഷണങ്ങൾ - ഇവയ്ക്കുള്ള വഴിമരുന്നിടുന്നത് നിങ്ങളുടെ എക്സ്സ്പീരിയൻസിൽ നിന്നും എടുത്തുപറയുന്ന നറേഷൻസ് അല്ലെങ്കിൽ സത്യകഥകൾ ആയിരിക്കും. ഇന്റർവ്യൂവേഴ് സ്വയം ചിന്തിച്ചു ചോദ്യങ്ങൾ ഫ്രെയിം ചെയ്യാൻ അനുവദിക്കുന്നത് വഴി, ഫോക്കസ് നിങ്ങളുടെ സ്ട്രെങ്ത്കളിൽ നിന്നും വഴുതിപ്പോയേക്കാം. അനാവശ്യമായി ഇല്ലാത്ത കഥകൾ തള്ളി മറിച്ചാൽ അവസാനം എന്ത് ഉണ്ടാവുമെന്നു പ്രത്ത്യേകിച്ചു പറയുന്നില്ല . അടുത്ത ഇന്റർവ്യൂവിനു ഈ വഴി , ഇനിയും ശ്രമിച്ചിട്ടില്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. പരിശ്രമത്തിന്റെ ഫലം ഒരിക്കലും ലഭിക്കാതെയിരിക്കില്ല. എല്ലാ കുട്ടി എൻജിനീയര്മാര്ക്കും എല്ലാ ഭാവുകങ്ങളും. |