അർധചാലക യന്ത്രകാരകന്റെ ചിന്താമണ്ഡലം!
താഴോട്ട് സ്ക്രോളിയാലും!
അറിവ് നേടേണ്ടവർ അറിയാൻ.
ഈ അടുത്തകാലത്തു ഞാൻ സന്ദർഭവശാൽ യൂടൂബിൽ കണ്ടുമുട്ടിയ ഒരു ചാനൽ പരിചയപ്പെടുത്താൻ ആണ് ഈ പോസ്റ്റ്. അതിലെ വീഡിയോസ് കണ്ടപ്പോൾ, എൻജിനിയറിങ് പഠനകാലത്തെ ചില രസമുള്ള കഥകളും ഓര്മ വന്നു. അന്നൊക്കെ ഇങ്ങനെ ആരെങ്കിലും ഇതൊക്കെ ഇങ്ങനെ ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ, എന്ന് തോന്നിപ്പോവുന്ന വീഡിയോകൾ. ഒരു കാര്യം സാധാരണക്കാരനായ ഒരാൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറയാൻ നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ, അത് നിങ്ങൾ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നാണത്രെ ഒരിക്കൽ ഐൻസ്റ്റൈൻ പറഞ്ഞിട്ടുള്ളത്. പക്ഷെ, എപ്പോഴാണ് ഒരു കാര്യം ആർക്കായാലും അങ്ങനെ മനസ്സിലാവുന്നത്? ചിലരുടെ അഭിപ്രായത്തിൽ അത് പരീക്ഷ ജയിക്കുമ്പോൾ ആവാം. എപ്പോ ചോദിച്ചാലും ഉത്തരം പറയാൻ കഴിഞ്ഞാൽ ആവണം. അങ്ങനെ ഒക്കെ ഒരുപാട് അഭിപ്രായങ്ങൾ പടിച്ചു വളരുമ്പോൾ നമ്മൾ കേട്ടിട്ടുണ്ടാവാം... പക്ഷെ ഒരാശയത്തെ അത് ആദ്യമായി കാണുന്ന ആൾക്ക് അനായാസം മനസ്സിലാക്കിക്കൊടുക്കുക എന്നതൊരു പ്രത്യേക കഴിവുതന്നെയാണ്. പകരം പലപ്പോഴും കോളേജുകളിൽ ആശയത്തിന്റെ വികലമായ പതിപ്പുകൾ ആണ് പകർന്നു നൽകപ്പെടുന്നത്. എത്ര വലിയ റാങ്ക് വാങ്ങി പാസ് ആവുന്ന ആൾക്കും പക്ഷെ ഇതിനു കഴിയണമെന്നില്ല. അങ്ങനെ അനുഗ്രഹീതരായ അധ്യാപകർ വിരലിൽ എണ്ണാവുന്നവരെ മാത്രമേ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളു താനും. ഇവരിൽ പലരും കഠിനമായ ആശയങ്ങൾ മനസിലാക്കിത്തരാൻ സാധാരണജീവിതത്തിൽ നിന്നെടുത്ത ഉദാഹരണങ്ങളോ ആശയം പ്രവർത്തിയിൽ ഉപയോഗിക്കപ്പെടുന്ന സന്ദര്ഭങ്ങളോ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ആശയത്തിന്റെ അന്തസത്ത വികലമാക്കപ്പെടുന്നുമില്ല. ഇലക്ട്രോണിക്സ് തേർഡ് സെമിൽ ഒരു പേപ്പർ ഉണ്ട്. സോളിഡ് സ്റ്റേറ്റ് ഡിവൈസസ് എന്നാണ് പേര്. ചുരുക്കി സ്നേഹത്തോടെ എസ്.എസ്.ഡി. എന്ന് വിളിക്കും (പി.എസ് : അന്നൊക്കെ മിക്ക കംപ്യൂട്ടറിലും ഹാർഡ് ഡിസ്ക് മാത്രം ആരുന്നു കേട്ടോ ) ഇന്നത്തെ രീതിയിലുള്ള മോണോലിത്തിക് ഇലക്ട്രോണിക്സ് അഥവാ ഇലക്ട്രോണിക് ചിപ്പുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഫിസിക്സ് ആണ് ഈ വിഷയം. അതിന്റെ ഒരു പ്രധാന പ്രശ്നം, പദാർത്ഥങ്ങളുടെ ഏറ്റവും ചെറിയ യൂണിറ്റായ അണുവിന്റെ ഒരു ഭാഗം മാത്രമായ ഇലക്ട്രോണിനെ സംബന്ധിക്കുന്ന ഫിസിക്സ് കൂടുതലും ക്വാണ്ടം ഫിസിക്സ് ആണ്. അത് പഠിപ്പിക്കുക പോയിട്ട് പറഞ്ഞു മനസ്സിലാക്കുക പോലും ആത്മാർത്ഥമായി പറഞ്ഞാൽ നല്ല ബുദ്ധിമുട്ടാണ് താനും. അങ്ങനെ ഫസ്റ്റ് ഇയറിൽ പൊതുവെ ഉള്ള എല്ലാ എഞ്ചിനിയറിങ്ങിന്റെയും ബാലപാഠങ്ങൾ പഠിച്ചിട്ട് നമ്മുടെ സ്വന്തം ബ്രാഞ്ച് ആയ ഇലക്ട്രോണിക്സ് പഠിക്കാൻ മുട്ടി നിൽക്കുന്ന നൂറ്റിരുപതു ജിജ്ഞാസുക്കൾക്ക് മുന്നിലേക്ക് വന്നത് പക്ഷെ, കേവലം ഒന്ന് രണ്ടു കൊല്ലം മുൻപ് എൻജിനിയർ ആയ ഒരു പാവം ടീച്ചർ ആയിരുന്നു. അവർക്കാവുന്നപോലെയൊക്കെ എസ്.എസ്.ഡി. പഠിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സ്പൂണിൽ കോരിത്തന്നു പഠിച്ചിരുന്ന ഞങ്ങൾക്കെല്ലാർക്കും കഥകളി കാണുന്ന പോലെ ആണ് നിർഭാഗ്യവശാൽ അനുഭവപ്പെട്ടത്. ഒരുമാതിരിപ്പെട്ട ആർക്കും അതിൽ വലിയ പരാതി ഒന്നുമില്ലാരുന്നെങ്കിലും ഒരുപറ്റം പെൺപഠിപ്പികൾ ടീച്ചറേ നേരിടാൻ തന്നെ തീരുമാനിച്ചു. അങ്ങനെ വലിയ പരാതിയായി, പരാതി കത്ത് മുഖാന്തിരം ക്ലാസ് ട്യൂട്ടർക്കു സമർപ്പിക്കപ്പെട്ടു .അത് ടീച്ചർ അറിഞ്ഞു. നിങ്ങളെ മനസ്സിലാക്കിപ്പിക്കാൻ ഇനി ഞാൻ എന്ത് ചെയ്യണം എന്നെനിക്കറിയില്ല മക്കളെ എന്ന് പറഞ്ഞു ക്ലാസ്സിനുമുന്നിൽ പാവം പൊട്ടിക്കരഞ്ഞു, ആകെ ശോകമായി. പിന്നീട് പലപ്പോഴായി,പഠിച്ചതു പലതും ജീവിതത്തിൽ പലപ്പോഴായി പലയിടത്തായി കണ്ടുമുട്ടി. അന്ന് നമ്മൾ ഇത്നിനാണോ അന്നങ്ങനെ പറഞ്ഞതെന്ന് ഓർക്കും. കൂടുതൽ പറഞ്ഞു കുളമാക്കാതെ കാര്യത്തിലേക്കു വരാം. പ്ലസ് ടു വില തുടങ്ങി ഏതൊരു എൻജിനീയറും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പഠിക്കേണ്ടി വരുന്ന കണക്കിലെ പൊതുവെ അറിയപ്പെടുന്ന വില്ലന്മാരായ കാൽകുലസ്, വെക്റ്റർ ആൾജിബ്ര , മാട്രിക്സ് , തുടങ്ങിയ ശാഖകളില് ആശയങ്ങൾ മനസ്സിൽ ആവിഷ്കരിക്കാൻ ഏറെ സഹായിക്കുന്ന അനവധി വീഡിയോസ് ഈ ചാനലിൽ ഉണ്ട്. അത് മാത്രമല്ല, നമ്മളിൽ പലരും മറുത്തൊന്നും ചോദിക്കാതെ കാണാതെ പഠിച്ച പല ആശയങ്ങളും, സമവാക്യങ്ങളും ഒക്കെ എന്തുകൊണ്ട് അങ്ങനെയാണ് എന്ന് അനായാസേന പറഞ്ഞു തരുന്ന ഒട്ടേറെ വിഡിയോകളുടെയും, അടുത്തകാലത്തെ ചൂട് ടോപ്പിക്കുകളായ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, മെഷീൻ ലേർണിംഗ് തുടങ്ങിയ ശാഖകളുടെ ബേസിക്സ് ഒക്കെയും വളരെ സരളമായി കൈകാര്യഎം ചെയ്യുന്ന ഒരു ചാനൽ ആണ് താഴെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ പരിചയത്തിൽ എഞ്ചിനിയറാവാൻ അല്ലെങ്കിൽ മാത്സ്, ഫിസിക്സ് വിഷയങ്ങളിൽ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അതെ പോലെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന മൂത്ത എഞ്ചിനീയര്മാര്ക്കും എല്ലാര്ക്കും വളരെ ഉപകാരപ്പെടും അപ്പൊ ഇത് കണ്ടു നോക്കുക. ഇഷ്ടപ്പെട്ടാൽ അറിയിക്കുക. നിങ്ങൾക്ക് ഇതുപോലെ ഉള്ള വീഡിയോസ്, അല്ലെങ്കിൽ അറിവിന്റെ സ്രോതസ്സുകൾ ഉണ്ടെങ്കിൽ പങ്കുവെക്കുക. ശുഭദിനം. https://www.youtube.com/channel/UCYO_jab_esuFRV4b17AJtAw/community
https://www.youtube.com/channel/UCYO_jab_esuFRV4b17AJtAw/featured
Leave a Reply. |